അമ്പലപ്പുഴ: കോടികൾ ചെലവഴിച്ച് നിർമാണമാരംഭിച്ച സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ പണി പാതിവഴിയിൽ. കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ഉടമസ്ഥതയിലുള്ള സ്ഥലത്ത് മെഡിക്കൽ സർവീസസ് കോർപറേഷൻ സംഭരണശാലക്കായി നിർമിക്കുന്ന കെട്ടിടമാണ് മാസങ്ങളായി സാമൂഹ്യവിരുദ്ധരുടെയും ലഹരിമാഫിയകളുടെയും താവളമായി മാറിയത്.
നിലവിൽ വണ്ടാനം പോസ്റ്റ് ഓഫീസിനു പടിഞ്ഞാറു ഭാഗത്തായാണ് സംഭരണശാല പ്രവർത്തിക്കുന്നത്. ഇതു മാറ്റിസ്ഥാപിക്കുന്നതിനായി രണ്ടു വർഷം മുൻപാണ് നീർക്കുന്നം കളപ്പുരക്കൽ ക്ഷേത്രത്തിന് എതിർവശത്തായി പുതിയ കെട്ടിടത്തിന്റെ നിർമാണമാരംഭിച്ചത്. എന്നാൽ, കഴിഞ്ഞ കുറേ മാസമായി കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ഇതോടെ ഈ കെട്ടിടം ഇപ്പോൾ ലഹരിമാഫിയകളുടെ താവളമായി മാറി.
സന്ധ്യ കഴിഞ്ഞാൽ നിരവധി പേരാണ് മദ്യ, ലഹരി ഉപയോഗത്തിനായി കെട്ടിടത്തിനുള്ളിൽ തമ്പടിക്കുന്നത്. കൂടുതലും യുവാക്കളും വിദ്യാർഥികളുമാണ് എത്തുന്നത്. പല തവണ പോലീസിൽ പരാതി അറിയിച്ചിട്ടും പട്രോളിംഗിനായി പോലീസ് ഈ വഴിക്കു വരാറില്ല.
കെട്ടിടത്തിനുള്ളിൽ മുഴുവൻ മദ്യക്കുപ്പികളാണ്. ചിലപ്പോൾ പകൽ സമയങ്ങളിലും ഇവിടെ ലഹരി ഉപയോഗത്തിനായി യുവക്കളെത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
അടിയന്തരമായി നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചാൽ കെട്ടിടത്തിന് ശാപമോക്ഷം ലഭിക്കും. മുൻ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് കെട്ടിടനിർമാണം നിലച്ചത്.